നികുതി വെട്ടിപ്പ് മാത്രമല്ല, ട്രാഫിക് നിയമലംഘനവും; സൂപ്പര്‍ കാര്‍ സൂപ്പര്‍ വേഗത്തിലോടിച്ച താരങ്ങള്‍ക്കെതിരെ നടപടിയില്ല

നികുതി വെട്ടിച്ച് ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ താരങ്ങളുടെ ട്രാഫിക് നിയമലംഘനവും. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവരുടെ ട്രാഫിക് നിയമലംഘനം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യാജ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കുക ബുദ്ധിമുട്ടാണെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
ഇക്കഴിഞ്ഞ ജൂണിന് ശേഷം സുരേഷ് ഗോപിയുടെ ആഢംബര വാഹനം അമിത വേഗത്തില്‍ സഞ്ചരിച്ചത് പന്ത്രണ്ട് തവണയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഫഹദ് ഫാസിലിന്റെ വാഹനം ഇത്തരത്തില്‍ അമിത വേഗത്തില്‍ പാഞ്ഞത് ആറ് തവണയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രക്കിടെ വിവാദത്തില്‍ കുടുങ്ങിയ കാരാട്ട് റസാഖിന്റെ വാഹനം ഏഴ് തവണയും അമിത വേഗത്തിലോടി. 125 കിലോമീറ്റര്‍ വേഗത്തിലാണ് ഈ വാഹനം ഒരു തവണ ഓടിയത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമ്പോഴാണ് വാഹനങ്ങളുടേത് വ്യാജരജിസ്‌ട്രേഷനാണെന്ന് വ്യക്തമാകുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ കൃത്യമായ നടപടി സ്വീകരിക്കാന്‍ കഴിയാതെ വരികയാണ്.
പോണ്ടിച്ചേരിയില്‍ നികുതി വെട്ടിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് നടി അമല പോളിനെതിരെയാണ് ആദ്യം ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ ഫഹദ് ഫാസിലും സുരേഷ് ഗോപിയും ആരോപണങ്ങളില്‍ കുടുങ്ങി. വിവാദം കൊഴുത്തതോടെ പോണ്ടിച്ചേരിയിലെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടക്കില്ലെന്നായിരുന്നു അമല പോള്‍ വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.