100 കിലോമീറ്റര്‍ വേഗതയില്‍ 514 കിലോമീറ്ററുകള്‍ വെറും 6 മണിക്കൂര്‍ കൊണ്ട്; ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കും വിധം തമീം

സിനിമാപ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്. സിനിമയിലെ ശ്രീനിവാസന്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു തമീം എന്ന ഈ ഡ്രൈവറുടെ യാത്ര. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താന്‍ 14 മണിക്കൂര്‍ വേണമെന്നിരിക്കെ ആറര മണിക്കൂര്‍ കൊണ്ടാണ് തമീം ലക്ഷ്യസ്ഥാനത്തെത്തിയത്. അതും 100 കിലോമീറ്റര്‍ വേഗതയില്‍ 514 കിലോമീറ്റര്‍ ദൂരം.
KL 14 ഘ 4247 എന്ന നമ്പറിലുള്ള ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുന്നുണ്ട്. അല്‍പ്പ സമയത്തിനകം കണ്ണൂരില്‍ നിന്നും വണ്ടി പുറപ്പെടും. ട്രാഫിക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി വഴിയൊരുക്കി കൊടുക്കാന്‍ സഹായിക്കുക. എവിടെയെങ്കിലും റോഡില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുക. എന്നായിരുന്നു ആ യാത്രയെ കുറിച്ച് പൊതുജനങ്ങള്‍ക്കും പൊലീസിനും കിട്ടിയ മുന്നറിയിപ്പ്.

–– ADVERTISEMENT ––

ബുധനാഴ്ച രാത്രി 8:30 ഓടെയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു മാസം മാത്രം പ്രായമായ ഒരു കൈകുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് തിരിച്ചത്. 514 കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്തേക്ക് എത്തിപ്പെടാന്‍ റോഡില്‍ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കില്‍ പോലും ഏകദേശം 14 മണിക്കൂര്‍ സമയമെടുക്കുന്നിടത്താണ് വെറും ആറര മണിക്കൂര്‍ കൊണ്ട്‌ലക്ഷ്യസ്ഥാനത്തെത്തിയത്. രാത്രി എട്ടരയ്ക്ക് പരിയാരത്തുനിന്നും പുറപ്പെട്ട ആംബുലന്‍സ് വെളുപ്പിന് 3.20 ഓടെ തിരുവനന്തപുരത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ പലരും സഹായത്തിനെത്തി. പൊലീസും ദൗത്യത്തോടെ കൈകോര്‍ത്തു. പ്രാര്‍ഥനയും സഹായവുമായി എല്ലാവരും ഒന്നുചേര്‍ന്നതോടെ യാത്ര ലക്ഷ്യത്തിലെത്തി.
ഇതേ കഥയായിരുന്നു ട്രാഫിക് ചിത്രത്തിലും. എറണാകുളത്തു നിന്ന് പാലക്കാട് വരെ നീളുന്ന യാത്ര. യഥാര്‍ഥത്തില്‍ യാത്രയ്ക്കു വേണ്ട സമയത്തിന്റെ പകുതി പോലും എടുക്കാതെ വേണമായിരുന്നു ലക്ഷ്യത്തിലെത്താന്‍. ആംബുലന്‍സ് ഡ്രൈവര്‍ക്കു പകരം ഇവിടെ പൊലീസ് ഡ്രൈവറായിരുന്നു എന്നു മാത്രം. ശ്രീനിവാസന്‍ കഥാപാത്രം ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വരികയായിരുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു നടത്തേണ്ടിയിരുന്നത്. ഇതേ കഥയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മുന്‍പും സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ ആറെ മുക്കാല്‍ മണിക്കൂറിലെത്തിയ തമീം സിനിമയെ വെല്ലുന്ന കഥയാണ് ജീവിതത്തിലെഴുതിയത്.

© 2024 Live Kerala News. All Rights Reserved.