ഭൂമി കയ്യേറ്റ വിഷയത്തില്‍ നിലപാട് മാറ്റി റവന്യുമന്ത്രി. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് സ്വീകരിച്ച മന്ത്രി, ജോയ്‌സ് ജോര്‍ജ് എംപിയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞു. ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്നും അദ്ദേഹം കയ്യേറ്റക്കാരനല്ലെന്നും ഇ ചന്ദ്രശേഖരന്‍ നിലപാട് സ്വീകരിച്ചു.
എല്ലാം കയ്യേറ്റമായി കരുതാന്‍ കഴിയില്ല. പിതാവിന്റെ കാലത്തുള്ള ഭൂമിയാണ് ജോയ്‌സ് ജോര്‍ജ് കൈവശംവെച്ചതായി പറയുന്നത്. ജോയ്‌സ് ജോര്‍ജിന്റെ പേരിലുള്ള പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടറുടെ നടുപടി പുന:പരിശോധിക്കുകയാണെന്നും നിയമവശങ്ങള്‍ മനസിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജിയില്‍ കലാശിച്ചത് റവന്യുമന്ത്രിയുടേയും സിപിഐയുടേയും ശക്തമായ നിലപാടാണ്. തോമസ് ചാണ്ടി വിഷയത്തില്‍ ഉറച്ച തീരുമാനമെടുക്കുകയും ജോയ്‌സ് ജോര്‍ജ് എംപിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത റവന്യുമന്ത്രിയുടെ നിലപാട് ഇതിനോടകം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.