‘വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുത്’; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയില്‍ പി കൃഷ്ണദാസിന് തിരിച്ചടി

ഷഹീര്‍ ഷൗക്കത്തലി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് തിരിച്ചടി. കേസില്‍ വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല. വിചാരണ തീരും വരെ കൃഷ്ണദാസ് കോയമ്പത്തൂരില്‍ തുടരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. രോഗാവസ്ഥയിലുള്ള അമ്മയെ കാണാന്‍ അനുമതി തേടിയായിരുന്നു കൃഷ്ണദാസ് സുപ്രീകോടതിയെ സമീപിച്ചത്.

അതേസമയം, ജിഷ്ണു പ്രണോയ് കേസില്‍ സിബിഐയെ സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. ഒരു കാരണവുമില്ലാതെ കേസ് സര്‍ക്കാര്‍ സിബിഐക്ക് വിടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സിബിഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചു. കേസ് എന്തുകൊണ്ട് സിബിഐക്ക് വിട്ടു എന്ന കാര്യം സര്‍ക്കാരും ബോധിപ്പിക്കണം. നാളെ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണം. ഡിജിപിയുടെ അവലോകന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതിനിടെ ജിഷ്ണു കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതി നീക്കി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള പരാമര്‍ശവും കോടതി നീക്കം ചെയ്തു.

© 2024 Live Kerala News. All Rights Reserved.