ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളില്‍ നിന്നും ‘പപ്പു’ എന്ന വാക്ക് നീക്കം ചെയ്യാന്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പപ്പു എന്ന് പ്രയോഗിക്കുന്നത് അപകീര്‍ത്തീകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയാണ് പ്രധാനമായും പപ്പു എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള മീഡിയ കമ്മിറ്റിയാണ് ‘പപ്പു’ പ്രയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സ്‌ക്രിപ്റ്റിന് മീഡിയ കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ‘പപ്പു’ എന്ന വാക്ക് ചൂണ്ടിക്കാട്ടി മീഡിയ കമ്മിറ്റി സ്‌ക്രിപ്റ്റിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ബിജെപി നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്ക് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം ലഭിച്ചതായും ബിജെപി നേതാവ് വ്യക്തമാക്കി. സ്‌ക്രിപ്റ്റില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. വാക്ക് നീക്കം ചെയ്ത ശേഷം മറ്റൊരു സ്‌ക്രിപ്റ്റ് സമര്‍പ്പിക്കുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
നേരത്തേ ബിജെപി പുറത്തിറക്കിയ വീഡിയോയില്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിച്ചിരുന്നു. വികസനം എന്ന വാക്കിന്റെ അര്‍ത്ഥം പോലും പപ്പുവിന് അറിയില്ല എന്നു പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് മീഡിയ കമ്മിറ്റി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ തെളിവിന് വീഡിയോ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.