എല്ലാവരും സംരക്ഷിക്കാന്‍ ശ്രമിച്ച തോമസ് ചാണ്ടിയെ വെട്ടിലാക്കിയത് ടി.വി. അനുപമയുടെ റിപ്പോര്‍ട്ട്

കായല്‍ കൈയേറ്റ വിഷയത്തില്‍ മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ കസേര തെറുപ്പിച്ചത് ആലപ്പുഴ സബ്-കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടാണെന്ന് നിസംശയം പറയാം. മുന്‍സര്‍ക്കാരിന്റെ കാലത്ത് കളക്ടറായിരുന്ന പത്മകുമാര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേരിന്റെ പക്ഷത്ത് നിന്നുകൊണ്ടുള്ള അനുപമയുടെ റിപ്പോര്‍ട്ടിനെ നോക്കി കാണാന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച് സർക്കാർ പ്രതിപക്ഷത്തെ അടിച്ചിരുത്തിയ സമയത്താണ് മന്ത്രിസഭയെ വെട്ടിലാക്കി കളക്ടറുടെ റിപ്പോര്‍ട്ട് തോമസ്ചാണ്ടിയെ കുടുക്കിയത്.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നിരന്തരം മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തിയത്. മന്ത്രി കായല്‍ കയ്യേറിയതും ഭൂനിയമലംഘനങ്ങള്‍ നടത്തിയതായും ശരിവച്ചായിരുന്നു കളക്ടർ റിപ്പോര്‍ട്ട് നല്‍കിയത്. മന്ത്രിയോട് രാജിവച്ച് പോകാന്‍ കോടതി വരെ ചോദിക്കാന്‍ കാരണമായതും കളക്ടറുടെ റിപ്പോര്‍ട്ടാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും തോമസ് ചാണ്ടിയെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അന്നത്തെ സര്‍ക്കാര്‍ കളക്ടറെക്കൊണ്ട് റിപ്പോര്‍ട്ട് തയാറാക്കിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് കളക്ടറായിരുന്ന പത്മകുമാര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ട് പാടെ പൊളിച്ചെഴുതിയും തോമസ് ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുമായിരുന്നു അനുപമയുടെ റിപ്പോര്‍ട്ട്.

ഫുഡ് സേഫ്റ്റി കമ്മീഷണറായിരിക്കുമ്പോള്‍ തന്നെഅനുപമ കൃത്യനിര്‍വഹണത്തിലെ കാര്‍ക്കശ്യത്തിന്റെ പേരില്‍ കേരളമാകെ അറിയപ്പെട്ടിരുന്നു. മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെയും അമിത വില ഈടാക്കുന്നതിനെതിരെയും അന്ന് അനുപമ സ്വീകരിച്ചത് ധീരതയുള്ള നടപടികളായിരുന്നു. നിറപറ അടക്കമുള്ള വന്‍വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്ത് സ്റ്റാറായ അനുപമയെ പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വകുപ്പ് മാറ്റി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിനിയായ ടിവി അനുപമ ആലപ്പുഴക്കാർക്കും സ്വീകാര്യയാണ്. ചാണ്ടി വിഷയം കത്തിനിൽക്കുമ്പോഴാണ് വേമ്പനാട് കായലിന് നടുവിലെ കുട്ടനാട് ആര്‍ ബ്ലോക്ക് വെള്ളത്തിലാകുന്നത്. ദൃശ്യമാധ്യമങ്ങൾ ഇക്കാര്യം റിപ്പോട്ട് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ കളക്ടർ സ്ഥലത്തെത്തി വെള്ളത്തിലകപ്പെട്ട 30 കുടുംബങ്ങള്‍ക്കും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പും നൽകി.
കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്മെന്റ് മിഷന്‍ സ്പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികൾ വഹിച്ചിട്ടുള്ള അനുപമ ഇതിനോടകം ജനസമ്മതയായിക്കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.