മന്ത്രി ചാണ്ടി ഇനി പഴയ കുവൈറ്റ് ചാണ്ടി; കോണ്‍ഗ്രസുകാരനായി തുടക്കം; ഇടതു പാളയത്തില്‍നിന്ന് രാജി; തോമസ് ചാണ്ടിയുടെ ജീവിതം ഇങ്ങനെ

1970ല്‍ കെ.എസ്.യു കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്തിരുന്നുള്ള രാഷ്ട്രീയ പരിചയം മാത്രമുണ്ടായിരുന്ന തോമസ് ചാണ്ടി പിന്നീട് ബിസിനസ്സിലായിരുന്നു തന്റെ തട്ടകം പണിതുയര്‍ത്തിയത്. കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നിക്ഷേപങ്ങളേറെ ടൂറിസം മേഖലയിലാണ്. ടൂറിസം വ്യവസായിയും ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ സി.എം.ഡിയുമായ ചാണ്ടി കുവൈത്തിലും റിയാദിലും സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിച്ചു. വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷം 1996ലാണ് തോമസ് ചാണ്ടി കേരള രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങിയത്.
കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയിലായിരുന്നു അധികാര രാഷ്ട്രീയത്തിലേക്കുള്ള തോമസ് ചാണ്ടിയുടെ പ്രവേശനം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ സ്വാഭാവികമായും ചാണ്ടിയും ഒപ്പം പോയി. പിന്നീട് ഡിഐസി, എന്‍സിപിയില്‍ ലയിച്ചു. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു.
തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന കരുണാകരന്റെ ആശിര്‍വാദത്തോടെ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ ഡോ. കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് നിയമസഭാ സാമാജികനായുള്ള ചാണ്ടിയുടെ അരങ്ങേറ്റം. പണത്തിന്റെ വിജയമായി ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പലരും വിലയിരുത്തിയെങ്കിലും കേരള കോണ്‍ഗ്രസ് അടക്കിവാണ മണ്ഡലത്തില്‍ ചാണ്ടി എന്‍സിപിയുടെ കൊടിയുയര്‍ത്തി.
2011ല്‍ ജോസഫ് വിഭാഗം കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോള്‍ എന്‍സിപി, എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. എന്നാല്‍ ഇക്കുറിയും കെ സി ജോസഫിനെ കാത്തിരുന്നത് പരാജയം തന്നെയായിരുന്നു. 2016ലും കുട്ടനാട്ടില്‍ വിജയിച്ച തോമസ് ചാണ്ടി തനിക്ക് മണ്ഡലത്തിലുള്ള ജന സ്വാധീനം വ്യക്തമാക്കുകയും ചെയ്തു.
ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്ന കിളിരൂര്‍ പീഡനകേസില്‍ ആരോപണ വിധേയനായ ചാണ്ടിയ്ക്ക് തുടര്‍ന്നങ്ങോട്ട് നേരിടേണ്ടി വന്നത് വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. 2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് കൂട്ടബലാത്സംഗത്തിനിരയാകുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത ശാരി മൊഴി നല്‍കിയിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിഐപി പരാമര്‍ശം തോമസ് ചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നെന്നും ആരോപണം ഉയര്‍ന്നു. കേസിലെ മുഖ്യപ്രതി ലത നായരാണ് ശാരിയെ ചാണ്ടിയുടെ റിസോര്‍ട്ടിലെത്തിച്ചതെന്നും തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും ‘പോയി ശരീരം നന്നാക്കി വരാന്‍’ പറഞ്ഞിരുന്നെന്നും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഒഴുക്കിനെതിരെ നീന്തുന്ന ഒറ്റമരം പോലെ ആരോപണപ്രത്യാരോപണങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് മികച്ച ജനപിന്തുണയോടെ ചാണ്ടി നിയമസഭാമന്ദിരത്തില്‍ എത്തിക്കൊണ്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.