മാസങ്ങളോളം രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഒടുവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വച്ചു. രാജി ഒഴിവാക്കാന്‍ എന്‍ സി പി നടത്തിയ സകല ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പുറത്ത് പോവുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ചാണ്ടിയുടെ രാജി പ്രശ്‌നം ഇടതുമുന്നണിയില്‍ വന്‍പൊട്ടിത്തെറിക്ക് കാരണമാവുകയും മന്ത്രിസഭായോഗത്തില്‍ നിന്ന് സി പി ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നായതോടെ സി പി എെ എമ്മിനും മറ്റ് സാധ്യതകള്‍ ഇല്ലാതായി.
മന്ത്രി ചാണ്ടി ഇനി പഴയ കുവൈറ്റ് ചാണ്ടി; കോണ്‍ഗ്രസുകാരനായി തുടക്കം; ഇടതു പാളയത്തില്‍നിന്ന് രാജി; തോമസ് ചാണ്ടിയുടെ ജീവിതം ഇങ്ങനെ
കായല്‍ കൈയ്യേറിയെന്ന ആരോപണം ശരി വച്ച് നേരത്തേ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് എ.ജി ശരിവച്ചതോടെയാണ് ചാണ്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായത്. ഇത് സി പി എെ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി പി ഐ സ്വരം കടുപ്പിച്ചത്. തനിക്കെതിരെയുളള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കടുത്ത വിമര്‍ശനങ്ങളാണ് ചാണ്ടിക്ക് നേരിടേണ്ടി വന്നത്. മന്ത്രി സഭയ്ക്ക് കൂട്ടുത്തുരവാദിത്വം നഷ്ടമായി എന്ന തരത്തിലുള്ള കോടതി പരാമര്‍ശങ്ങളും കൂടിയായതോടെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചാണ്ടിയെ കൈവിടുകയായരുന്നു.
ചാണ്ടിയുടെ ഉടമസ്ഥതിയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ഭൂമി കൈയ്യേറിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത് മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ തുടക്കം മുതല്‍ ഇത് നിഷേധിച്ച മന്ത്രി ആരോപണം തെളിയിക്കപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് എന്‍ സി പി സംസ്ഥാന -ദേശീയ നേതൃത്വങ്ങളെ കൂട്ടുപിടിച്ച് ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സി പി ഐ തുടക്കം മുതല്‍ കടുത്ത നിലപാടെടുത്തപ്പോള്‍ സി പി ഐ എമ്മും മുഖ്യമന്ത്രിയും അനുകൂല നിലപാടിലായിരുന്നു.