നവി മുംബൈയില്‍ ഞെട്ടിക്കുന്ന മോഷണം .സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് മോഷണം അരങ്ങേറിയത്. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ലോക്കറില്‍ നിന്ന് നാല്‍പത് ലക്ഷം രൂപയിലധികം മൂല്യമുള്ള വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്. ഇരുപത്തിയഞ്ച് അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെയാണ് മോഷ്ടാക്കള്‍ ലോക്കര്‍ മുറിയിലെത്തിയത്. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ആണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച്ച ജോലിക്കെത്തിയ ജീവനക്കാരാണ് ലോക്കര്‍ റൂമില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 225 ലോക്കറുകളുള്ളതില്‍ 30 എണ്ണമാണ് കൊള്ളയടിക്കപ്പെട്ടത്.
മോഷ്ടാക്കള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ബാങ്കിന് അല്പം സമീപത്തുള്ള കടമുറി വാടകയ്ക്കെടുത്ത സംഘമാണ് മോഷണത്തിന് പിന്നില്‍. അവിടെ നിന്ന് തുരങ്കം നിര്‍മ്മിച്ചാണ് അവര്‍ ബാങ്കിനുള്ളില്‍ കടന്നത്. സിസിടിവി ദൃശ്യങ്ങളെയാണ് അന്വേഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ബാങ്ക് സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തില്‍ത്തന്നെ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് അക്രമികള്‍ മോഷണം നടത്തിയത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പര്‍ മുറി എടുത്ത മോഷ്ടാക്കള്‍ അവിടെ ബാലാജി ജനറല്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ കടയും നടത്തിയിരുന്നു. ഈ മുറിയില്‍നിന്ന് അഞ്ചടി താഴ്ചയില്‍ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തില്‍ തുരങ്കം തീര്‍ത്തു. ബാങ്കിന്റെ ലോക്കര്‍ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തില്‍ തുരങ്കം പൂര്‍ത്തിയാക്കിയാണ് മോഷ്ടാക്കള്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം എടുത്തത്രേ.
തൊട്ടടുത്തു തന്നെ കടകള്‍ ഉണ്ടായിരുന്നിട്ടും തുരങ്കനിര്‍മാണം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതീവ ശ്രദ്ധയോടെ തുരങ്കം നിര്‍മിച്ച് മണ്ണും അവശിഷ്ടങ്ങളും രാത്രിയില്‍ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്ന് കരുതുന്നു. കെട്ടിടത്തില്‍ വാടകയ്‌ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം. മോഷ്ടാക്കള്‍ വാടകയ്‌ക്കെടുത്ത ബാലാജി ജനറല്‍ സ്റ്റോഴ്‌സിനോടു ചേര്‍ന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെയും ഓഫിസുണ്ട്.