കോടതി വിധിയില്‍ പരാമര്‍ശമുണ്ടെങ്കില്‍ രാജി; വിധി പകര്‍പ്പ് കിട്ടിയിട്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

കോടതി വിധിയില്‍ വിമര്‍ശനമുണ്ടെങ്കിലെ രാജിവയ്ക്കുവെന്ന് മന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ രാജി വെക്കേണ്ട ആവശ്യമില്ല. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. നാളെ വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണും. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. തനിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലേക് പാലസ് റിസോര്‍ട്ട് കേസില്‍ മുന്‍കലക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചെന്നും ചാണ്ടി പറഞ്ഞു.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു.
തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.