തോമസ് ചാണ്ടി വീഴുന്നു; രാജിയാണ് ഉത്തമമെന്ന് കോടതി; ‘മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങിവരണം’

കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി വരണമെന്നും രാജിയാണ് ഉത്തമമെന്നും തോമസ് ചാണ്ടിയോട് പറഞ്ഞ കോടതി ആരോപണം ഉയര്‍ന്നാല്‍ സാധാരണക്കാരനായി അതിനെ നേരിടണമെന്നും സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ലെന്നും ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു. കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ല. മന്ത്രിക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്നാണ് തെളിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസ് പിന്‍വലിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് കോടതി ചോദിച്ചു.
മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു ചൂണ്ടിക്കാട്ടിയ കോടതി വളരെ അപൂര്‍വ്വമായ കേസാണിതെന്ന് കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കളക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഹര്‍ജി വ്യക്തിപരമായി നല്‍കിയതാണെന്നും മന്ത്രിയെന്ന നിലയിലല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

മന്ത്രി നിഷ്‌കളങ്കനെങ്കില്‍ കളക്ടര്‍ക്കുമുന്നില്‍ തെളിയിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറുണ്ടോ എന്നും കോടതി ചേദിച്ചു. ഹര്‍ജി ഈ ഘട്ടത്തില്‍ നിലനില്‍ക്കുന്നില്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നത്. അതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഈ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കുന്നുണ്ടോ എന്ന ചോദ്യം കോടതിയെക്കൊണ്ട് ചോദിപ്പിച്ചത്.
മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരം കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്നാണ് കോടതി ചോദിച്ചത്. ഇത് ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമല്ലേ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.