ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജ്ജും ഭൂമികൈയ്യേറ്റ വിവാദത്തില്‍: പ്രതിരോധത്തിലായി എല്‍ഡിഎഫ്

മന്ത്രി തോമസ് ചാണ്ടി വിവാദം തീരും മുമ്പേ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ജോയ്‌സ്് ജോര്‍ജ്ജ് എംപിയും. കായല്‍ കയ്യേറിയും നിലംനികത്തിയും നിയമലംഘനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ നടക്കുന്നതിനിടെ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതോടെ സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നാണം കെട്ട കോണ്‍ഗ്രസിന് തല്‍ക്കാല ആശ്വാസമാണ് ഇടതു ജനപ്രധിനിധികള്‍ക്കെതിരെയുള്ള കയ്യേറ്റ ആരോപണങ്ങള്‍.
സിപിഐ കര്‍ക്കശ നിലപാടെടുക്കുകയും സംരക്ഷിക്കാനില്ലെന്ന നിലയിലേക്കു സിപിഐഎം എത്തുകയും ചെയ്തതോടെ മന്ത്രി തോമസ് ചാണ്ടിയുടെ മുന്നില്‍ വഴിയടഞ്ഞിരുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജിക്കാര്യത്തില്‍ തീരുമാനം നീളില്ലെന്നു വ്യക്തമായിരിക്കുകയാണ്. ഭൂമികയ്യേറ്റ പ്രശ്‌നത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശവും സര്‍ക്കാരിനു ലഭിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ മന്ത്രി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ചയാണു പരിഗണിക്കുന്നത്. അതുവരെ തീരുമാനം നീട്ടിവയ്ക്കണമെന്ന നിലപാടാണ് എന്‍സിപിയ്ക്ക് ഉള്ളത്.

കായല്‍ കയ്യേറിയും നിലംനികത്തിയും നിയമലംഘനം നടത്തിയ തോമസ് ചാണ്ടി മന്ത്രിപദവിയില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണിയുടെ പ്രതിച്ഛായ മോശമാകുമെന്നും അതിനാല്‍ രാജിവച്ചേ തീരൂവെന്നുമുള്ള വികാരമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉയര്‍ന്നിരുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നു യോഗം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചതു ശരിയായില്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണു ചെയ്തതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. തെറ്റുകാരെ രക്ഷിക്കില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലും നിലപാടുമാറ്റം വ്യക്തമായിരുന്നു.
ഈ സാഹചര്യം മുന്നില്‍ നില്‍ക്കെയാണ് കൊട്ടാക്കമ്പൂരില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന ഭൂമിയുടെ പട്ടയം സബ് കളക്ടര്‍ റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന് തിരിച്ചു കിട്ടിയതുമാണ് ജോയ്‌സ് ജോര്‍ജ്ജിന് വിനയായിരിക്കുന്നത്.
ജോയ്‌സ് ജോര്‍ജ്ജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍്ഗ്രസ് നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. സോളാറില്‍ ഇടതുമുന്നണിക്കു ലഭിച്ച രാഷ്ട്രീയ നേട്ടത്തിനും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കും തോമസ് ചാണ്ടി, ജോയ്‌സ് ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം മങ്ങലേല്‍പ്പിച്ചിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.