മികച്ച വിദ്യാര്‍ത്ഥിയാകാന്‍ ‘മാംസഭുക്ക് ആവരുത്, മദ്യപാനം പാടില്ല’: വിചിത്ര വിഞ്ജാപനവുമായി പൂനെ സര്‍വകലാശാല

പൂനെ സാവിത്രിബായി ഫൂല്‍ സര്‍വകലാശാലയില്‍ ശാസ്ത്ര-ശാസ്‌ത്രേതര വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നവര്‍ക്ക് നല്‍കിയിരുന്ന സ്വര്‍ണമെഡലുകള്‍ മദ്യപാനികളോ മാംസഭുക്കുകളോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കില്ലെന്ന് സര്‍വകലാശാല. പുതുതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതു സംബന്ധിച്ച 10 നിബന്ധനകള് സര്‍വ്വകലാശാല മുന്നോട്ടു വച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ മദ്യവര്‍ജകനും മാംസഭുക്കും ആയിരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കൂടാതെ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കിയവരും ഇന്ത്യന്‍ സംസ്‌ക്കാരത്തെ അനുകൂലിക്കുന്നവരും ആയിരിക്കണം. സര്‍ക്കുലറിലെ നിബന്ധനകള്‍ വിവാദമായതോടെ എന്‍സിപി, ശിവസേന നേതാക്കള്‍ രുക്ഷവിമര്‍ശനവുമായി രംഗത്ത് വന്നു. ‘ഭക്ഷണത്തിലല്ല പഠനത്തിലാണ് സര്‍വകലാശാല ശ്രദ്ധിക്കണ്ടതെന്ന്’ എന്‍സിപി എം പി സുപ്രിയ സൂലൈ ട്വീറ്റ് ചെയ്തു.

‘സര്‍ക്കാരിനോ സര്‍വകലാശാലക്കോ എന്തു കഴിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ അവകാശമില്ലെന്ന്’ ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

സംഭവം വിവാദമായതോടെ സര്‍ക്കുലര്‍ വര്‍ഷങ്ങളായി പ്രയോഗത്തിലുള്ളതാണെന്നും ഓരോ വര്‍ഷവും പുതുക്കി പുറത്തിറക്കാറുണ്ടെന്നും സര്‍വകലാശാല വിശദീകരിച്ചു. പത്ത് വര്‍ഷം മുന്‍പ് ഇറക്കിയതെന്ന് സര്‍വകലാശാല വാദിക്കുന്നുവെങ്കിലും സര്‍ക്കുലറില്‍ തിയതി 2017 ഒക്ടോബര്‍ 31 ആണ്.