മാധ്യമങ്ങള്‍ക്കിടയിലെ നരേന്ദ്രമോഡിയുടെ പ്രഭാവം മങ്ങുന്നു. ഭരണത്തിലെത്തുന്നതിന് മുമ്പു തന്നെ ഗുജറാത്ത് വികസനത്തിന്റെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം മോഡിയെ പുകഴ്ത്തിയെഴുതിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക രംഗത്തെ മുരടിപ്പ് എന്നിവയുടെ പേരില്‍ വിദേശമാധ്യമങ്ങളും മോഡിയെ പഴി പറഞ്ഞു തുടങ്ങി.
നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നാണ് ലണ്ടനിലെ ദി എക്കണോമിസ്റ്റ് വാരിക എഡിറ്റോറിയലിലൂടെ വിമര്‍ശിച്ചത്. പ്രകടനം നിര്‍ത്തി രാജ്യത്തിനായി പ്രവര്‍ത്തിച്ചു കൂണിക്കുവെന്നാണ് വാരികയുടെ വിമര്‍ശനം. മുമ്പ് മോഡിയെ പുകഴ്ത്തിയെഴുതിയും വാരിക രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രമാധിത്വം അവസാനിച്ചിരിക്കുകയാണെന്നും വാരിക പറയുന്നു. അടുത്ത തെരഞ്ഞെടുപ്പിലും രാജ്യത്തെ നയിക്കാന്‍ തക്ക ശക്തിയുണ്ടായിരുന്ന മോഡിക്ക് അടുത്തിടെയായി പ്രഭാവത്തില്‍ മങ്ങലേറ്റു. സ്വന്തം പ്രതിച്ഛായ നന്നാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന മോഡിക്ക് രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ പിന്നോക്കം പോകുന്നു. ചരക്ക് സേവന നികുതി, നോട്ടു നിരോധനം എന്നിവയിലൂടെ എക്കാലത്തും ഭദ്രമായിരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പിന്നോട്ടടിച്ചു. രാജ്യത്ത് മാധ്യമ പ്രവര്‍ത്തനം ഭീതിയിലാണെന്നും വാരിക ചൂണ്ടിക്കാട്ടുന്നു. വിജയം തുടരണമെങ്കില്‍ പ്രകടനം മാത്രം പോര രാജ്യത്തിന്റെ ഭരണത്തിലും ശ്രദ്ധിക്കണമെന്ന ഉപദേശമാണ് മോഡിക്ക് എക്കണോമിസ്റ്റ് നല്‍കുന്നത്.
രാജ്യത്തെ മാധ്യമങ്ങളെ ഒപ്പം നിര്‍ത്തിയ മോഡിയോട് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ വന്‍ വിമര്‍ശനങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്പനിക്കെതിരായ ആരോപണങ്ങളില്‍ മേല്‍ അദ്ദേഹത്തിന്റെ മൗനവും ശ്രദ്ധേയമായിരുന്നു.
ഇതിനിടെ മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പ്രതിനിധിയായ ലിയോ ഹെല്ലറും വിമര്‍ശിച്ചു. മനുഷ്യാവകാശപരമായ സമീപനങ്ങള്‍ ഇല്ലാതെയാണ് പദ്ധതിയുടെ നടത്തിപ്പെന്നാണ് ഹെല്ലറിന്റെ വിമര്‍ശനം.