‘നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും’; വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറി വീണ്ടും പുസ്തകരൂപത്തില്‍

വിവാദങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറി വീണ്ടും പുസ്തക രൂപത്തില്‍.’നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും’ എന്ന് പേരിട്ടുള്ള പുസ്തകം വ്യാഴാഴ്ച രാത്രി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. സര്‍വീസ് അനുഭവങ്ങള്‍ പങ്കുവെച്ച് ആത്മകഥാ രൂപത്തില്‍ ജേക്കബ് തോമസ് എഴുതിയ ‘സ്രാവകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടേത് രാഷ്ട്രീയ നിയമനമാകരുതെന്നും എന്നാല്‍ എല്ലാ നിയമനങ്ങളും രാഷ്ട്രീയമായുള്ളതാണെന്നും ജേക്കബ് തോമസ് പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ നിയമനത്തിന് എന്തുചെയ്യണമെന്നാണ് പല ഉദ്യോഗസ്ഥരും ചിന്തിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം മൂല്യബോധമാണ് പല പടവുകളും കയറാന്‍ തടസമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചില സ്ഥാപനങ്ങളില്‍ ഇരുന്നാല്‍ പല ഭാണ്ഡങ്ങളും ചുമക്കേണ്ടതായി വരും. അത് ഒഴിവാക്കിയാല്‍ മനസമാധാനത്തോടെ ജീവിക്കാനാകും. ക്രമസമാധാന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് പ്രാപ്തിയില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു കണ്ടു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ജാഥകള്‍ക്ക് അനുമതി നല്‍കുകയും അതിന് അകമ്പടി സേവിക്കുന്നതുമാണ് ഇവിടുത്തെ ക്രമസമാധാന രീതി. ഇവര്‍ കരുതുന്നതല്ല ക്രമസമാധാനം. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം അടിച്ചമര്‍ത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിയും നിലം നികത്തലും ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ നടത്താന്‍ ഭരണതലത്തിലുള്ളവര്‍ക്ക് യാതൊരു മടിയുമില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഉള്‍പ്പെടെ പങ്കെടുക്കുന്നു. മിക്ക വകുപ്പും എന്‍ഒസി നല്‍കുന്നത് അഴിമതിക്കാണെന്നും ജേക്കബ് തോമസ് എഴുതി.

© 2024 Live Kerala News. All Rights Reserved.