പോംവഴി രാജി മാത്രം; തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് എജി

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍. എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരെന്നും എജി സുധാകരപ്രസാദ് വ്യക്തമാക്കി.
കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധ്യതയുണ്ട്. കോടതി വിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും എജി ചൂണ്ടിക്കാട്ടി. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. കഴിഞ്ഞ ദിവസം സിപിഐഎം മന്ത്രിയുടെ രാജി സംബന്ധിച്ച് സ്വമേധയാ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ആളാണ് കളക്ടര്‍. ജില്ലയില്‍ നടക്കുന്ന ഭൂമി കയ്യേറ്റങ്ങള്‍ അന്വേഷിക്കേണ്ട ചുമതല കളക്ടര്‍ക്കുണ്ടെന്നും എജി നിയമോപദേശത്തില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനി കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നു.
എന്‍സിപിയും തോമസ് ചാണ്ടിയും ഉയര്‍ത്തുന്ന വാദങ്ങളെ പൊളിക്കുന്ന നിയമോപദേശമാണ് എജി നല്‍കിയത്. ഇതോടെ തോമസ് ചാണ്ടിക്ക് മേലുള്ള കുരുക്ക് മുറുകുകയാണ്. എന്‍സിപിയുടെ രാജ്യത്തെ ഏക മന്ത്രിയാണ് നിലവില്‍ തോമസ് ചാണ്ടി.