എട്ടിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ഹര്‍ജി സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

എട്ടിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ആവശ്യമുന്നയിച്ച് പരാതിക്കാരന് ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം നിരാകരിച്ചത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി എന്ന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ദേശീയ ന്യൂനപക്ഷ കമ്മീഷനാണെന്നും സുപ്രീംകോടതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങി എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നായിരുന്നു അശ്വിനി കുമാറിന്റെ ആവശ്യം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഹിന്ദുക്കള്‍ സംവരണത്തിന് അര്‍ഹരാണെന്നും എന്നാല്‍ അത് ലഭ്യമാകുന്നില്ലെന്നും അശ്വിനി കുമാര്‍ ആരോപിച്ചിരുന്നു.