സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനത്തില്‍

ജയലളിതയുടെ മരണത്തോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന സിനിമാ താരങ്ങളുടെ പട്ടികയിലേക്ക് നടന്‍ രജനീ കാന്തും. കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് തമിഴിന്റെ സ്റ്റൈല്‍ മന്നല്‍ രജനീകാന്തും പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്നത്. ഡിസംബര്‍ 12ന് രജനീകാന്തിന്റെ 67ാം ജന്മദിനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുക.
അതേസമയം, രജനീകാന്ത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മറ്റൊരു പാര്‍ട്ടിയുമായും ചേരാതെ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് രജനീകാന്ത് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ ബിജെപിയിലേക്കു ചേരാനുള്ള സാധ്യത രജനീകാന്ത് തള്ളിയിട്ടുമില്ലെന്നാണ് സൂചന.

കമല്‍ ഹാസന്റെ ജന്മദിനമായ നവംബര്‍ ഏഴിന് താരം തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, ജനങ്ങളുമായി സംവദിക്കാനുള്ള മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കുക മാത്രമാണ് കമല്‍ ഹാസന്‍ അന്നു ചെയ്തത്.