പ്രവാസിവോട്ട് യാഥാര്‍ത്ഥ്യത്തിലേക്ക്; നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികള്‍ക്ക് വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബൈയിലെ സംരംഭകന്‍ ഡോ. വി.പി ഷംസീര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. നിയമം ഭേദഗതി ചെയ്താല്‍ മൂന്നുമാസത്തിനകം നടപ്പാക്കാനാവും.
പ്രവാസികള്‍ക്ക് വോട്ടവകാശം ഒരുക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രവാസികള്‍ക്കു സ്വന്തം മണ്ഡലത്തില്‍ എത്താതെ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് തപാല്‍ വോട്ട്, പ്രോക്സി വോട്ട് എന്നിവ അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇലക്‌ട്രോണിക് തപാല്‍ വോട്ടാണ് പ്രവാസികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും പരിഗണിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് രീതിയില്‍ വോട്ടര്‍ക്ക് നല്‍കുകയും വോട്ടു ചെയ്തശേഷം തപാലില്‍ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത് ഇതനുസരിച്ച് പ്രവാസി ആദ്യം തപാല്‍ വോട്ടിന് അപേക്ഷ നല്‍കണം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇന്റര്‍നെറ്റ് വഴി അയച്ചുകൊടുക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം തന്റെ മണ്ഡലത്തിലെ വരണാധികാരിക്ക് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.
പാര്‍ലമെന്റ് 2010ല്‍ പാസാക്കിയ ഭേദഗതിപ്രകാരം, പ്രവാസികള്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. തെരഞ്ഞെടുപ്പു ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ഈ നിയമഭേദഗതി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവകാശം മാത്രമായി അവശേഷിക്കുമെന്നും വോട്ട് ചെയ്യണമെങ്കില്‍ മണ്ഡലത്തില്‍ നേരിട്ടു വന്നേ മതിയാവൂ എന്നത് അനീതിയാണെന്നും വ്യക്തമാക്കിയാണ് ഷംഷീര്‍ 2014 മാര്‍ച്ചില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.