‘സര്‍ക്കാര്‍ ജനമധ്യത്തില്‍ അപഹാസ്യരാകുന്നു’; തോമസ് ചാണ്ടിയുടെ രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് രമേശ് ചെന്നിത്തല

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത കയ്യേറ്റം നടത്തിയ മന്ത്രിയെ സിപിഐഎം സംരക്ഷിച്ചു. ഇ പി ജയരാജന് ലഭിക്കാത്ത നീതി ചാണ്ടിക്ക് നല്‍കുന്നതെന്തിനെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ജനമധ്യത്തില്‍ അപഹാസ്യപ്പെടുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐഎം നേതൃത്വം മന്ത്രിയെ കൈവിട്ട മട്ടാണ്. രാജി തീരുമാനം മന്ത്രി സ്വയമെടുക്കണമെന്നാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം പാര്‍ട്ടി നേതൃത്വം മന്ത്രിയെ അറിയിച്ചു.

വിഷയം ഗൗരവമുള്ളതാണെന്നും മന്ത്രിക്കെതിരായ ആരോപണം പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്നുണ്ടെന്നും നേതൃത്വം വിലയിരുത്തി. നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ണ്ണായകമാകും.