സോളാര്‍ കേസ്: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും

സോളാര്‍ കേസില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍വെച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തെ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്കാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. പീഡനക്കേസിനൊപ്പം അഴിമതി കേസും പ്രത്യേക സംഘം അന്വേഷിക്കണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടന്‍ യോഗം ചേരും. കമ്മീഷന്‍ റിപ്പോര്‍ട്ടും നിയമോപദേശവും ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം. ഐജി ദിനേശ് കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഒരു എസ്പിയും മൂന്ന് ഡിവൈഎസ്പിമാരുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ ഡിവൈഎസ്പിമാരെ ഉള്‍പ്പെടുത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് നിയമസഭയില്‍വെച്ചത്. പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.