ജിഷ്ണു കേസ് ഏറ്റെടുക്കാനില്ലെന്ന് സിബിഐ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍. അന്തര്‍സംസ്ഥാന കേസല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന്റെ സാഹചര്യം കേസിനില്ലെന്ന് സിബിഐ വ്യക്തമാക്കി. നിലവില്‍ കേസുകളുടെ ഭാരം കൂടുതലാണ്. കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ മതിയെന്നും സിബിഐ കോടതിയെ അറിയിച്ചു. ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.
സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി നാലുമാസമായിട്ടും നിലപാട് അറിയിക്കാന്‍ വൈകിയ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആവര്‍ത്തിച്ചാല്‍ കോടതി ഇടപെടുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. നിലപാട് തിങ്കളാഴ്ച രേഖാമൂലം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നവംബര്‍ മൂന്നിന് കേസ് പരിഗണിക്കവെ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സിബിഐക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയരുന്നു. കേസ് കൈമാറിയതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ലഭിച്ചില്ല എന്നുകാണിച്ചാണ് കഴിഞ്ഞ തവണ സിബിഐ ഒഴിഞ്ഞുമാറിയത്. എന്നാല്‍ ജൂണില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു അല്ലാത്ത പക്ഷം സ്വന്തം നിലയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.