ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റു ചെയ്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ ഗുരുഗ്രാം കോടതിയാണ് വിദ്യാര്‍ത്ഥിയെ വിശദമായ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ വിട്ടത്. വിദ്യാര്‍ത്ഥി തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിബിഐയുടെ നിഗമനം. സ്‌കൂളില്‍ സഹപാഠികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് മികച്ച അഭിപ്രായമല്ല ഉള്ളതെന്ന് സിബിഐ അധികൃതര്‍ പറയുന്നു.
പരീക്ഷയും രക്ഷകര്‍ത്താക്കളുടെ യോഗവും മാറ്റിവെയ്ക്കുന്നതിനാണ് വിദ്യാര്‍ത്ഥി കൊലപാതകം നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പ്രഥ്യുമനെ ഉദ്ദേശിച്ചായിരുന്നില്ലെന്നും കൊലപാതകം നടത്തി പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു വിദ്യാര്‍ത്ഥിയുടെ ലക്ഷ്യമെന്നും സിബിഐ പറയുന്നു.വിദ്യാര്‍ത്ഥി കൈയില്‍ കത്തി കരുതിയിരുന്നതായി സുഹൃത്തുക്കളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. അശ്ലീല വീഡിയോയ്ക്ക് വിദ്യാര്‍ത്ഥി അടിമപ്പെട്ടിരുന്നു. ക്ലാസില്‍ സുഹൃത്തുക്കളുമായി വിദ്യാര്‍ത്ഥി ഇതേപ്പറ്റി സംസാരിച്ചിരുന്നതായും സിബിഐ കണ്ടെത്തി.
പരീക്ഷയ്ക്ക് കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയാതെ വിദ്യാര്‍ത്ഥി അസ്വസ്ഥനായിരുന്നുവെന്ന് സഹപാഠികള്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. പരീക്ഷ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി വിദ്യാര്‍ത്ഥി സംസാരിച്ചിരുന്നുവെന്നും ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും സിബിഐ വിലയിരുത്തുന്നു.
സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നതാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല തവണകളായി വിദ്യാര്‍ത്ഥി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ സിബിഐ വിശദമായി ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രഥ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റു ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത ശേഷം അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സെപ്തംബര്‍ എട്ടിനായിരുന്നു പ്രഥ്യുമന്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ബസ് ജീവനക്കാരന്‍ അശോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുന്നത്.