ജിഷ്ണു പ്രണോയ് കേസ്: സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും

ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കുമോ എന്ന കാര്യം ഇന്നറിയാം. കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സിബിഐ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സിബിഐ കേസ് ഏറ്റെടുക്കാത്ത പക്ഷം സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എന്‍ വി രമണ, അമിതാവ റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
നവംബര്‍ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അല്ലാത്ത പക്ഷം സ്വന്തം നിലയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.

© 2024 Live Kerala News. All Rights Reserved.