മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫുകളും സരിതയെ സഹായിച്ചു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു തുടങ്ങിയ ഗുരുതര പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സോളർ കമ്മിഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്തുവച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ടിലെ സാരാംശം മുഖ്യമന്ത്രി വായിച്ചത് . നാലു വാല്യങ്ങളിലായി1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് റിപ്പോർട്ട് ഇത്രവേഗം സഭയിൽ വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു .റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്.
–– ADVERTISEMENT ––
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ശക്തമായ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി, ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലീംരാജ്, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവര്‍ സരിതയ്ക്ക് സഹായം നല്‍കി. ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തി കൊടുത്തത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തിന്റെ ഓഫീസ്് സരിതയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സരിതാ എസ്. നായരെ പരിചയമുണ്ടെന്ന കാര്യം കമ്മീഷന്‍ മുന്‍പാകെ ഉമ്മന്‍ ചാണ്ടി നിഷേധിച്ചിരുന്നു. സരിതയുടെ കത്തില്‍ പറയുന്ന ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുരുതരമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ പോലെ തന്നെ നിര്‍ണായകമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടല്‍. സരിതയ്ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആര്യാടനോട് ആവശ്യപ്പെട്ടിരുന്നു തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി പരസ്യപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍, മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് വായിച്ചാല്‍ അത് മനസ്സിലാകുമെന്നും പിണറായി പറഞ്ഞു. 1000 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി നിയമസഭാ അംഗങ്ങള്‍ക്ക് വിതരണം ചെയ്യും.
റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ച ശേഷം നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.