നടിയെ ആക്രമിച്ച കേസ്; ഡിജിപിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് ഡിജിപിയുടെ വാദം പൊളിഞ്ഞു. അറസ്റ്റിലാകും മുന്‍പ് നടന്‍ ദിലീപ് ഡിജിപി ലോകനാഥ് ബെഹ്‌റയെ പലവട്ടം വിളിച്ചതിന് തെളിവായി ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നു. ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നതായാണ് കോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ചാനലാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.
ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ലഭിച്ചയുടനെ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് പരാതിപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. തന്നെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയെന്ന് ആരോപിച്ച് നടന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരവും വെളിപ്പെടുന്നത്.
പലവട്ടം ദിലീപ് ഡിജിപിയെ വിളിച്ചതിനും തെളിവുണ്ട്. ബെഹ്‌റയുടെ സ്വകാര്യഫോണിലേക്കാണ് എല്ലാ കോളുകളും എത്തിയിരുന്നതെന്നാണ് രേഖകളില്‍ പറയുന്നത്. പരാതിപ്പെട്ടിട്ടും അന്വേഷണം വൈകിയെന്ന് ദിലീപ് പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ലെന്നും കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കും എന്നുമാണ് ബെഹ്‌റ അന്ന് പ്രതികരിച്ചത്.

© 2024 Live Kerala News. All Rights Reserved.