സോളാർ കേസ്; നിലവിലുള്ള അന്വേഷണ സംഘം വിപുലീകരിക്കാൻ സാധ്യത

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിക്കാൻ സാധ്യത. അന്വേഷണ വിഷയങ്ങൾ നിശ്ചയിച്ചും പ്രത്യേക സംഘം രൂപീകരിച്ചുമുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങുമെന്നാണു സൂചന.
കമ്മിഷൻ റിപ്പോർട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കുറ്റത്തിനു മാനഭംഗക്കേസും റജിസ്റ്റർ ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രത്യേക സംഘം അന്വേഷണത്തിൽ വീഴ്ച വരുത്തിയ കേസുകൾ വീണ്ടും അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.

ഇതെല്ലാം അന്വേഷിക്കാൻ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 11നു ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു ഇത്. അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമാണ് ഇതു സംബന്ധിച്ച ഉപദേശം നൽകിയത്.
പസായത്ത് നൽകിയ നിയമോപദേശ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരടക്കമുള്ളവർ ഇന്നലെ നടന്ന യോഗത്തിൽ ചർച്ച ചെയ്തു. തുടർന്നാണ് വിജിലൻസിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിക്കണമെന്ന നിർദേശം ഉയർന്നത്.

© 2024 Live Kerala News. All Rights Reserved.