സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കയ്യേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പൊതു നിലപാട് എന്തെന്ന് ചോദിച്ച കോടതി സാധാരണക്കാരുടെ കയ്യേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നേരിടാറില്ലേ എന്നും സര്‍ക്കാരിനോട് ചോദിച്ചു.
തോമസ് ചാണ്ടിക്കെതിരേ തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചത്. കയ്യേറ്റ വിഷയങ്ങളില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയാണോ എന്നും സാധാരണക്കാരോടും ഇതേ നിലപാടാണോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
കോടതിക്കു മുന്നില്‍ എല്ലാവരും സമന്മാരാണ്. എല്ലാവര്‍ക്കും തുല്യ നീതി എന്നതാണ് കോടതി നിലപാട്. തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഒന്നിച്ചാക്കണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അതേസമയം, തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍ ഇത് എന്ന് പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് മൗനം പാലിച്ചു.