നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്നും ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും തുടര്‍ന്ന് കുറ്റപത്രത്തിന്റെ പൂര്‍ണരൂപം കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും ബെഹ്‌റ പറഞ്ഞു.
പൊലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ വലച്ചിരുന്നു. കേസിലെ മുഖ്യ സാക്ഷിയായിരുന്ന ലക്ഷ്യയിലെ ജീവനക്കാരന്‍ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നായിരുന്നു സാക്ഷിയുടെ പുതിയ മൊഴി. മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ഗൂഢാലോചനയാണ് ദിലീപിനെതിരെയുള്ള കുറ്റം.