തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി

തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി. തന്റെ നിലപാട് മുഖ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് സ്ഥലം വാങ്ങിക്കൂട്ടി, തണ്ണീര്‍ത്തട നിയമം ലംഘിച്ച് പാടം നികത്തി, ഉദ്യോഗസ്ഥര്‍ നിയമ ലംഘനത്തിന് കൂട്ടുനിന്നു തുടങ്ങിയവയാണ് പരാതികള്‍. നെല്‍വയല്‍ തണ്ണീര്‍തട നിയമം അട്ടിമറിച്ചാണ് മന്ത്രിയുടെ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചാണ്ടിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജിയുമായി തൃശൂര്‍ സ്വദേശിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു.

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് നേരെയും നടപടിയെടുക്കുന്നത് നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. അതേ സമയം തോമസ് ചാണ്ടിചക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ആക്ടിംങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ ഡിവിഷന്‍ ബഞ്ച് പിന്മാറി. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.