വിഎസ് എത്തില്ല; പുതുവൈപ്പിന്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം

അതിജീവനത്തിനായുള്ള പുതുവൈപ്പിന്‍ ജനതയുടെ സമരം ശക്തിപ്രാപിക്കുമ്പോള്‍ സമരക്കാര്‍ക്ക് വിഎസിന്റെ സാന്നിദ്ധ്യംകൊണ്ടുള്ള പിന്തുണ ഉണ്ടാകില്ല. സമരവുമായി ബന്ധപ്പെട്ട് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന യോഗത്തിന് വി എസ് എല്ലാ വിധ ആശംസകളും അറിയിച്ചു.
സമര സമിതി ചെയര്‍മാന്‍ എം ബി ജയഘോഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാഗ്ലിന്‍ പീറ്റര്‍ എന്നിവര്‍ക്ക് അയച്ച വിശദമായ ഇമെയില്‍ സന്ദേശത്തിലാണ് വി എസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് സമരങ്ങള്‍ സാമൂഹ്യ പരിസരങ്ങളില്‍നിന്നാണ് ഉണ്ടായിവരുന്നതെന്ന് വി എസ് പറഞ്ഞു. സ്വതന്ത്രമായും ഭീതിരഹിതമായും ജീവിക്കാനാവാതെ വരുന്ന സാഹചര്യങ്ങളില്‍, ഒരു ജനത പ്രതിരോധത്തിന്റെ മാര്‍ഗം തേടുക സ്വാഭാവികമാണ്. അതാണ് പുതുവൈപ്പിനിലും സംഭവിച്ചതെന്ന് വി എസ് പറയുന്നു.

നാം വികസനത്തിനെതിരല്ല. പക്ഷേ, സാമൂഹ്യശാസ്ത്രപരമായി നിര്‍വ്വചിക്കപ്പെടാതിരിക്കുകയാണെങ്കില്‍ വികസനം ഒരു ജനദ്രോഹ നടപടിയായി മാറാവുന്നതേയുള്ളു. അപകടസാദ്ധ്യതയുള്ള ഒരു പദ്ധതി ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് സ്ഥാപിക്കുന്നതിനു മുമ്പ് വേണ്ടത്ര പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള ഹൈക്കോടതി വിധിയില്‍ പറയുന്ന ക്ലിയറന്‍സുകള്‍ ലഭിക്കുന്നതിനു മുമ്പ് പദ്ധതിയുമായി മുന്നോട്ടു പോവുന്നത് ശരിയായ നടപടിയല്ല എന്ന പുതുവൈപ്പിന്‍ ജനതയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നതായി വി എസ് പറഞ്ഞു.
സമരങ്ങളോട് ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന സമീപനം ആശങ്കയുളവാക്കുന്നതാണെന്നും വി എസ് അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ജനങ്ങള്‍ കൃഷി ചെയ്യാനും ജീവിതം മുന്നോട്ടു കൊണ്ടുപോവാനും പ്രയാസപ്പെടുമ്പോള്‍, അവരുടെ കൃഷിയിടങ്ങളും ജീവനോപാധികളും വികസനത്തിനെന്ന പേരില്‍ കയ്യേറപ്പെടുകയും അവരുടെ ആശങ്കകള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നതാവരുത്, വികസനം. മഹാഭൂരിപക്ഷം ജനങ്ങളും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ പുതുവൈപ്പിനില്‍ ജനങ്ങളുടെ വികസന സ്വപ്നങ്ങളും, ഭരണകൂടത്തിന്റെ വികസന സ്വപ്നങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടാവാം. ആ വൈരുദ്ധ്യങ്ങളില്‍നിന്നാണ് പുതിയ സമരമുകുളങ്ങള്‍ പുറപ്പെടേണ്ടതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
രാജേന്ദ്ര മൈതാനിയില്‍ വൈകീട്ട് നാല് മണിക്ക് സമര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. രണ്ട് മണിക്ക് പുതുവൈപ്പിന്‍ കാളമുക്ക് ജംഗ്ഷന്‍ വരെ സമരക്കാര്‍ കാല്‍നടയായാണ് പോകുന്നത്. അവിടുന്ന് രാജേന്ദ്ര മൈതാനിയിലേക്ക് വാഹനത്തില്‍ പോകും. സമരക്കാര്‍ക്ക് പിന്തുണയുമായി വി എസ് എത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.