നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആശുപത്രിയിലായിരുന്നുവെന്ന് വരുത്താന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ദിലീപിനെതിരേ കൂടുതല്‍ അന്വേഷണവുമായി പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപിനെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ്. നടി ആക്രമിക്കപ്പെടുമ്പോള്‍ ആശുപത്രിയിലാണെന്നു വരുത്താന്‍ ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നതടക്കമുള്ള ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ ആരോപണം.
നടി അക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖബാധിതനായി ആശുപത്രിയിലായിരുന്നുവെന്ന് വരുത്താന്‍ ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ സംഭവം നടക്കുന്ന ദിവസം താന്‍ ആശുപത്രിയിലാണെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ആശുപത്രിയിലായിരുന്നില്ലെന്നും സിനിമാ ലൊക്കേഷനിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.

വ്യാജരേഖ ചമച്ചതിന് ദിലീപിനെതിരേ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റ പത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി കൊച്ചിയില്‍ അന്വേഷണ സംഘത്തിന്റെ ഉന്നതതല യോഗം ഇന്ന് നടക്കും. പോലീസിന്റെ പുതിയ കണ്ടെത്തല്‍ ദിലീപിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തലുകള്‍.

© 2024 Live Kerala News. All Rights Reserved.