ഷാര്‍ജയിലെ കാര്യം പരിഹരിച്ചു; ഇനി മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് സുഷമയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

യുഎയില്‍ ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഷാര്‍ജയില്‍ ചെറിയ കേസില്‍പ്പെട്ട് കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരിയുടെ ഉറപ്പിന് പിന്നാലെയാണ് യുഎയിലെ മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സുഷമയ്ക്ക് കത്തയച്ചത്.
ചെക്കു കേസുകളിലും സിവില്‍ കേസുകളിലുമായി കുടുങ്ങി മൂന്ന് വര്‍ഷത്തിലേറെയായി ജയില്‍ കിടക്കുന്ന ഇന്ത്യക്കാരെ മോചി്പ്പിക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയോട് പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ച പ്രത്യേക പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149ല്‍പ്പരം ഇന്ത്യക്കാര്‍ മോചിതരാകുമെന്നാണ് കരുതുന്നത്.
ജയില്‍ മോചിതരായ ശേഷം ഷാര്‍ജയില്‍ തന്നെ ഇവര്‍ക്ക് ജോലി ചെയ്യാമെന്നും ഷെയ്ഖ് സുല്‍ത്താന്‍ ഉറപ്പ് നല്‍കിയിരുന്നു. ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പൊതുമാപ്പ് ബാധകമല്ല.

© 2024 Live Kerala News. All Rights Reserved.