ലാലുവിനെ വിടാതെ കേന്ദ്രം; ബിജെപി വിരുദ്ധ റാലിയുടെ കണക്ക് ബോധിപ്പിക്കാന്‍ ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം

പാട്‌ന: ബിജെപി വിരുദ്ധ റാലിയുടെ കണക്കുകള്‍ ബോധിപ്പിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആഗ്‌സത് 27 നടത്തിയ റാലിക്ക് വേണ്ടി ചിലവഴിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
ബിജെപിയെ തുരത്തൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ലാലു പ്രസാദും പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ റാലിയില്‍ മുപ്പത് ലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായി തേജസ്വിയാദവ് അവകാശപ്പെട്ടിരുന്നത്. റാലിയില്‍ പങ്കെടുത്ത ആളുകളുടെ പടം ലാലു ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

ലാലുപ്രസാദ് യാദവ് റെയില്‍വ്വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടുകളില്‍ ലാലുവിനും മക്കള്‍ക്കുമെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. റെയില്‍വ്വേ ഹോട്ടല്‍, സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും ഇതില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം ലാലുവിനും ഭാര്യ റാബ്‌റി ദേവിക്കും മക്കള്‍ക്കും ലഭിച്ചുവെന്നുമാണ് സിബിഐ കേസ്. സിബിഐയെ ഉപയോഗിച്ച് ബിജെപി തന്നോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ലാലു ആരോപിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.