‘ബിജെപിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടേതാണ്; എന്താ ഹരിയാന ഇന്ത്യയിലല്ലേ?’; മോഡിയെ കടുത്ത ഭാഷയില്‍ ഓര്‍മ്മിപ്പിച്ച് ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികളുടെ അക്രമത്തില്‍ ഹരിയാന കത്തുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഹരിയാനയിലെ അക്രമങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ഹരിയാന ഹൈക്കോടതി. മോഡി ബിജെപിയുടെ പ്രധാനമന്ത്രിയല്ല, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു ഹൈക്കോടതി കടുത്ത ഭാഷയില്‍ ഓര്‍മ്മിപ്പിച്ചത്.
ഇന്നലെ ഹരിയാനയില്‍ നടന്ന അക്രമസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ മാത്രം കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ പരാമര്‍ശമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
അതെന്താ പഞ്ചാബും ഹരിയാനയുമൊന്നും ഇന്ത്യയിലല്ലേ?. പിന്നെന്താണ് രണ്ടാം തരക്കാരായി കാണുന്നത്?
ഇങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശത്തിന് ഹരിയാന ഹൈക്കോടതി മറുപടി നല്‍കിയത്. നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പഞ്ച്കുല പോലൊരു നഗരം രാഷ്ട്രീയ ലാഭത്തിനായി കത്തിച്ചാമ്പലാകാന്‍ അനുവദിച്ചുവെന്നാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഹരിയാന സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തിയത്.

ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികള്‍ അഴിച്ചുവിടുന്ന അക്രമത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കൂട്ടുനിന്നെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി പറയുകയും ചെയ്തു. രാഷ്ട്രീയ ലാഭത്തിനായി ബിജെപി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ദേരാ സച്ചാ സൗദാ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നത് തടുക്കാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സംസ്ഥാനം കത്തിയെരിയുമ്പോള്‍ ബിജെപി മുഖ്യമന്ത്രി കാഴ്ചക്കാരനായെന്ന് പറയാനും കോടതി മടിച്ചില്ല.

© 2024 Live Kerala News. All Rights Reserved.