മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയ്ക്കും സ്ഥലംമാറ്റം; വിവാദങ്ങള്‍ക്ക് ഇടയിലെ ആരോഗ്യ വകുപ്പിലെ കൂട്ട സ്ഥലംമാറ്റത്തില്‍ പിഴവ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ആരോപണങ്ങളും പ്രതിപക്ഷ പ്രതിഷേധവും കത്തിനില്‍ക്കുന്നതിനിടയില്‍ വിവാദമായ കൂട്ട സ്ഥലംമാറ്റ നടപടിയിലും പിഴവ്. ഓണത്തിരക്കിനിടയിലെ ആരോഗ്യവകുപ്പിലെ കൂട്ട സ്ഥലംമാറ്റത്തില്‍ മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയുടെ പേര്. കൊല്ലത്ത് നിന്നും വിരമിച്ച ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതാണ് ഉത്തരവില്‍ വന്ന പിഴവ്.
കൊല്ലത്ത് നിന്നും വിരമിച്ച ഗ്രേഡ് വണ്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലില്ലിയെ എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ആരോഗ്യവകുപ്പിലെ കൂട്ടസ്ഥലംമാറ്റം എന്ന് ആരോപണം ഉയരുന്നതിനിടയിലാണ് പട്ടികയിലെ പിഴവും പുറത്തുവരുന്നത്. ഓണത്തിരക്കിനിടെ തിരക്കിട്ട് നടത്തിയ സ്ഥലംമാറ്റ പട്ടികയില്‍ വന്ന പിശകാണ് വിരമിച്ച ഉദ്യോഗസ്ഥയും ഉള്‍പ്പെടാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. 425 പേരും ഉത്തരവ് വന്ന ഇന്നലെ തന്നെ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഓണം അലവന്‍സ് പോലും ലഭിക്കാത്ത രീതിയില്‍ നടത്തിയ സ്ഥലം മാറ്റത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

ഏപ്രില്‍ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് മാസമാണ് സാധാരണ സ്ഥലം മാറ്റം നടത്താറുളളത്. അപ്പീല്‍ നല്‍കാന്‍ പോലും സമയം നല്‍കാതെയുളള സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്നാണ് ആരോപണം. ആദ്യമായാണ് ഓണക്കാലത്ത് ജീവനക്കാരെ സ്ഥലം മാറ്റുന്നത്.

© 2024 Live Kerala News. All Rights Reserved.