ഗുര്‍മീതിന് കേരളത്തില്‍ വരുമ്പോഴുളള സെഡ് പ്ലസ് പിണറായി സര്‍ക്കാര്‍ വെട്ടിയത് രണ്ടുദിവസം മുമ്പ്; ഒഴിവാക്കിയത് കഴിഞ്ഞ 10 തവണയും നല്‍കിയ സുരക്ഷ

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത്തിന് കേരളത്തില്‍ എത്തുമ്പോള്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്നതിനും രണ്ടുദിവസം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ഹരിയാന സര്‍ക്കാരിന് കത്തെഴുതിയത്. പത്തുതവണയാണ് ഗുര്‍മീത് തന്റെ സംഘവുമായി കേരളം കാണാനെത്തിയത്. ഇതിനിടയില്‍ വയനാട്ടില്‍ 40 ഏക്കര്‍ ഭൂമിയും അദ്ദേഹം വാങ്ങി. വൈത്തിരിയില്‍ വാങ്ങിയ സ്ഥലത്ത് ആശ്രമം സ്ഥാപിക്കാനുളള നീക്കത്തിലായിരുന്നു അദ്ദേഹം.
അടുത്ത മാസം 17ന് ആയിരുന്നു മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഗുര്‍മീത്ത് കേരളത്തില്‍ എത്തേണ്ടത്. ഇത് സംബന്ധിച്ചാണ് പിണറായി സര്‍ക്കാര്‍ നിലപാട് എടുത്തത്. ഒരു കാരണവശാലും സെഡ് പ്ലസ് സുരക്ഷ നല്‍കാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിന് രണ്ടുദിവസം മുമ്പ് കത്തെഴുതിയത്.
ഇതിന് മുമ്പ് പത്തുതവണ കേരളത്തില്‍ വന്നപ്പോഴും ഗുര്‍മീത്തിന് സെഡ് പ്ലസ് സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടാണ് സംസ്ഥാനം ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. ഹരിയാനയില്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍, ഗുര്‍മിത് എന്നിവര്‍ക്ക് മാത്രമെ സെഡ് പ്ലസ് സുരക്ഷയുളളു. രാജ്യത്ത് ആകെ 36 പേര്‍ക്ക് മാത്രമാണ് സെഡ് പ്ലസ് സുരക്ഷയുളളത്.

© 2024 Live Kerala News. All Rights Reserved.