മന്ത്രി ശൈലജയ്‌ക്കെതിരെ പാളയത്തിലും പട; തന്നിഷ്ടപ്രകാരം നിയമനങ്ങള്‍ നടത്തിയെന്ന് സിപിഐ; കോടിയേരിക്ക് കത്ത് നല്‍കി

ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ മുന്നണിക്കുള്ളിലും പ്രതിഷേധം. തന്നിഷ്ടപ്രകാരമാണ് മന്ത്രി ബാലാവകാശ കമ്മീഷനില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ ആരോപിച്ചു. ബാലാവകാശ കമ്മീഷനിലെ നിയമനത്തിനുള്ള അഭിമുഖത്തില്‍ പാര്‍ട്ടി പ്രതിനിധികളെ വിളിച്ചില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. പ്രതിഷേധം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നല്‍കി.
രണ്ട് പേരെ സിപിഐ നിര്‍ദേശിച്ചിരുന്നെങ്കിലും ആരോഗ്യമന്ത്രി അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. തന്നിഷ്ടപ്രകാരമാണ് മന്ത്രി ആളുകളെ നിയമിച്ചത്. ഇനിയുള്ള ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്ന ആവശ്യവും സിപിഐ മുന്നോട്ടുവെയ്ക്കുന്നു.
ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് സിപിഐയും മന്ത്രിക്കെതിരെ തിരിഞ്ഞത്.

വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്. കമ്മീഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുളള തിയതി നീട്ടി രണ്ടാമതിറക്കിയ വിജ്ഞാപനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.