ഉദ്യോഗസ്ഥരുടെ അത്യാര്‍ത്തിയില്‍ മണ്ണുവാരിയിട്ട് സര്‍ക്കാര്‍; ബോണസ് പിടുങ്ങാന്‍ ബെവ്‌കോയിലേക്കുള്ള ഓണം സ്‌പെഷ്യല്‍ നിയമനങ്ങള്‍ വെട്ടി; രോഷം കൊണ്ട് സിഐടിയു

ഓണം സ്പെഷ്യല്‍ ബോണസ് ലക്ഷ്യമിട്ട് ബെവ്കോയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 185 ജീവനക്കാരെ ബെവ്കോയില്‍ നിയമിക്കാനുള്ള ശ്രമം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഇടപെട്ടാണ് തടഞ്ഞത്. ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകി കയറ്റാനുളള ചിലരുടെ ശ്രമമാണ് ഡപ്യൂട്ടേഷന് പിന്നിലെന്ന് കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. സിഐടിയു ഒഴികെയുള്ള മറ്റ് യൂണിയനുകളും ഡെപ്യൂട്ടേഷന്‍ നിയമനങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. മുന്‍മന്ത്രി സി ദിവാകരന്‍ ഡെപ്യുട്ടേഷന്‍ നിയമനങ്ങളെ എതിര്‍ത്ത് മന്ത്രി ടിപി രാമകൃഷ്ണനെ നേരില്‍ കണ്ടിരുന്നു.
ബെവ്കോയിലെ ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്താനാണ് സര്‍ക്കാര്‍ തീരുമാനം. 600 ഓളം ഒഴിവുകളുണ്ടെന്നാണ് സൂചന. എന്നാല്‍ 140 ഒഴിവുകള്‍ മാത്രമാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
85000 രൂപയാണ് ബെവ്‌കോ ഇത്തവണ ഓണം ബോണസായി നല്‍കുന്നത്. ഇത് ലഭിക്കാനായി ആഴ്ചകള്‍ മുന്നെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ഡപ്യൂട്ടേഷനില്‍ ബെവ്‌കോയിലെത്താന്‍ ശ്രമിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, കെല്‍ട്രോണ്‍, സിആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുളളവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ആളുകളെ ആവശ്യമാണെന്നാണ് ബെവ്‌കോയുടെ വാദം. എന്നാല്‍ ബെവ്‌കോയുടെ തന്നെ പൂട്ടികിടക്കുന്ന വില്‍പ്പനശാലകളില്‍ നിന്നും ജീവനക്കാരെ പുനര്‍വിന്യസിക്കുകയോ, എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി ആളുകളെ എടുക്കുകയോ ചെയ്യാമെന്നിരിക്കെ ഡപ്യൂട്ടേഷനില്‍ ആളെ എടുക്കുന്നതാണ് വിവദമാകുന്നത്.
പീഡിത വ്യവസായങ്ങളിലെ ജീവനക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് ഡപ്യൂട്ടേഷനെന്നായിരുന്നു ബെവ്‌കോയുടെ വിശദീകരണം. വില്ലേജ് ഓഫീസര്‍മാരെ വരെ ഡപ്യൂട്ടേഷനില്‍ നിയമിക്കാനുളള നീക്കം വിവാദമായതിനെ തുടര്‍ന്ന് ബെവ്‌കോ പിന്‍വലിച്ചിരുന്നു.

ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യയാണ് ഓണത്തിന് ലഭിക്കുക. ഇതിന്റെ സീലിങ് 85000 രൂപയായിരിക്കും. കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ നല്‍കും. സ്ഥിരം തൊഴിലാളികള്‍ക്ക് 30000 രൂപ അഡ്വാന്‍സായി ലഭിക്കും. സി1,സി2,സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികളുടെ കയ്യില്‍ ഓണത്തിന് ഒരു ലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളകള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്‌സിന് 1000 രൂപയും ബോണസായി ലഭിക്കും.

© 2024 Live Kerala News. All Rights Reserved.