കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിന്റെ കൊലപാതകം; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളവരെ പറ്റി പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ തിരൂര്‍ പുളിഞ്ചോട്ടില്‍ വെച്ച് ഇന്നലെ രാവിലെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
16 പ്രതികളാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കാളികളായവരുമുണ്ടായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നതും.

2016 നവംബറില്‍ കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെടുന്നതിന് എട്ടു മാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.

© 2024 Live Kerala News. All Rights Reserved.