ബാലാവകാശ കമ്മീഷനിലെ നിയമനം: മന്ത്രി ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ലോകായുക്തയ്ക്ക് പരാതി നല്‍കിയത് ചെന്നിത്തല

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. ബാലാവകാശ കമ്മീഷനിലെ ക്രമവിരുദ്ധമായ നിയമനങ്ങള്‍ക്കെതിരെയാണ് അന്വേഷണം. പ്രഥമദൃഷ്ടാ മന്ത്രിക്കെതിരെ കേസുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്. നേരത്തെ ഹൈക്കോടതിയില്‍ നിന്നും മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ സഭാ നടപടികള്‍ നടക്കുന്നതിനാല്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയര്‍ത്തുന്നത്.
ബാലാവകാശ കമ്മീഷനിലെ ആറു ഒഴിവുകളിലേക്ക് കഴിഞ്ഞ നവംബര്‍ എട്ടിനാണ് സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് സര്‍ക്കാര്‍ 2017 ജനുവരി 30 വരെ അപേക്ഷാ തീയ്യതി നീട്ടുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനുവരി 19ന് അപേക്ഷകരില്‍ ഒരാളായ ജാസ്മിന്‍ അലക്സാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില്‍ 29നാണ് സര്‍ക്കാര്‍ കമ്മീഷനില്‍ ആറംഗങ്ങളെ നിയമിച്ചത്. ഇതില്‍ വയനാട്ടില്‍ നിന്നുള്ള ടിബി സുരേഷ്, കാസര്‍ഗോഡില്‍ നിന്നുള്ള ശ്യാമളാ ദേവി എന്നിവരുടെ നിയമനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.