ലാവ്‌ലിനില്‍ പിണറായി കുറ്റവിമുക്തന്‍; സിബിഐ നിരന്തരം വേട്ടയാടിയെന്ന് ഹൈക്കോടതി; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും ഇനി ആശ്വസിക്കാം. രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലം വേട്ടയാടിയിരുന്ന ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്നും വിധിയില്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് കുറ്റക്കാരെന്നും രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു. കെ.ജി രാജശേഖരന്‍, ആര്‍.ശിവദാസ്, ക്‌സതൂരിരംഗ അയ്യര്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്.
ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവര്‍ വിചാരണ നേരിടേണ്ടതില്ല. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്.
നേരത്തെ വിധി മുഴുവന്‍ കേട്ടശേഷം മാത്രമെ വാര്‍ത്ത കൊടുക്കാവു എന്ന് മാധ്യമങ്ങള്‍ക്ക് ജസ്റ്റിസ് ഉബൈദ് നിര്‍ദേശം നല്‍കിയിരുന്നു. കേസ് വിധി പറയാന്‍ മാറ്റിയശേഷം നിരവധി ഊമക്കത്തുകള്‍ ലഭിച്ചെന്നും ജഡ്ജി പറഞ്ഞു. മറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കാനായിട്ടാണ് യാതൊരു മുന്നറിയിപ്പും കൂടാതെ വിധി പറയാന്‍ തീരുമാനിച്ചതെന്നും 202 പേജുളള വിധിന്യായം വായിക്കുന്നതിന് മുന്നോടിയായി ഉബൈദ് പറഞ്ഞിരുന്നു. കേസില്‍ പലര്‍ക്കും രാഷ്ട്രീയലക്ഷ്യം ഉണ്ടായിരുന്നുവെന്നും ഉബൈദ് പറഞ്ഞിരുന്നു. ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന പിണറായി വിജയനടക്കം ഏഴു പ്രതികളെയാണ് 2015ല്‍ തിരുവനന്തപുരം സിബിഐ കോടതി വിചാരണ ചെയ്യാതെ കുറ്റവിമുക്തരാക്കിയത്.
ഈ വിധി നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ മനസിലാക്കാതെയാണെന്നും പിണറായിയെ അടക്കം വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടു. ശേഷം അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് ഇന്ന് വിധി പറഞ്ഞതും. അന്തരിച്ച മുന്‍ അഡ്വ. ജനറല്‍ എം.കെ ദാമോദരന്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി ഹൈക്കോടതിയില്‍ ഹാജരായത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി 374.5 കോടിയുടെ കരാര്‍ ഉണ്ടാക്കിയെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം സംഭവിച്ചെന്നുമായിരുന്നു കേസ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാര്‍ ഒപ്പിട്ടത് ഇ.കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
2001 ജൂണിലാണ് പദ്ധതിക്കെതിരെ ആദ്യമായി അഴിമതി ആരോപണം ഉയരുന്നത്. നിയമസഭയില്‍ 36 യുഡിഎഫ് എംഎല്‍എമാര്‍ വിഷയം ഉന്നയിക്കുകയും സബ്ജക്റ്റ് കമ്മിറ്റി അന്വേഷണത്തിനായി നിയമസഭ അത് വിടുകയും ചെയ്തു. തുടര്‍ന്ന് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം എ.കെ ആന്റണിയുടെ നേതൃത്വത്തിലുളള യുഡിഎഫ് മന്ത്രിസഭ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നീട് 2005ലെ സാമ്പത്തിക വര്‍ഷം സംബന്ധിച്ച് സിഎജി 2006ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലാവ്‌ലിന്‍ ഇടപാടുകളെ സംബന്ധിച്ച് പരാമര്‍ശം ഉണ്ടാകുകയും ചെയ്തു. 2006ല്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമായി പോകുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കേസില്‍ അഴിമതി കണ്ടെത്തുവാനായിട്ടില്ലായെന്നും, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുവാനായി കുറ്റകൃത്യങ്ങളില്‍ ആരും ഏര്‍പ്പെട്ടിരുന്നില്ലെന്നും എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സാങ്കേതികമായ കാരണങ്ങള്‍ നിരത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നുളള വിജിലന്‍സ് റിപ്പോര്‍ട്ട് പിന്നാലെ വന്നു. 2006 മാര്‍ച്ച് ഒന്നിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തുകയും കേസില്‍ 11 പ്രതികളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയാണ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.