‘മോഹന്‍ഭാഗവത് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം നിയമലംഘനം’; സ്‌കൂളിനെതിരെ കേസ്; പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍

ചട്ടം ലംഘിച്ച് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി. മോഹന്‍ ഭാഗവത് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിയമലംഘനം നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും പാലക്കാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ എസ്പിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ദേശീയ പതാകയുടെ ചട്ടങ്ങളില്‍ ലംഘനമുണ്ടായെന്ന് തഹസില്‍ദാറും അറിയിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്നാണ് ഉയരുന്ന പരാതി. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്.
ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ഒന്‍പത് മണിയോടെ അടുപ്പിച്ച് പതാക ഉയര്‍ത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നായിരുന്നു ഇത്. തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്‍എസ്എസ് മേധാവി തന്നെ പതാക ഉയര്‍ത്തുമെന്നും ബിജെപി പറഞ്ഞിരുന്നു.
സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.
എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളെയും മറികടന്നാണ് ആര്‍എസ്എസ് നേതൃത്വം പതാക ഉയര്‍ത്തല്‍ ചടങ്ങുമായി മുന്നോട്ട് പോയത്.

© 2024 Live Kerala News. All Rights Reserved.