മുരുകന്റെ മരണം വിദഗ്ധ സമിതി അന്വേഷിക്കും; ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്; നിയമോപദേശം തേടും

ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം വിദഗ്ധസമിതി അന്വേഷിക്കും. ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചപറ്റിയെന്ന ആരോപണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പാണ് വിദഗ്ദ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കും സമിതി ചെയര്‍മാന്‍. അനസ്‌തേഷ്യ മെഡിസിന്‍ സര്‍ജറി വിഭാഗം മേധാവികളും അംഗങ്ങളായിരിക്കും. മുരുകന്റെ മരണം അന്വേഷിക്കുന്ന അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസിപി അശോകന്‍ മേല്‍നോട്ടം വഹിക്കും.
കേസില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിയമോപദേശം തേടും. ചികിത്സ നിഷേധിച്ചതിന് അറസ്റ്റ് അനിവാര്യമെന്ന് നിലപാടിലാണ് അന്വേഷണം സംഘം. ഇന്ന് തന്നെ ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
മുരുകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനപൂര്‍വ്വമായ വീഴ്ചവരുത്തിയെന്നാണ് ആരോപണം. രണ്ട് വെന്റിലേറ്ററുകള്‍ ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞ് രോഗിയെ മടക്കി അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും ബദല്‍ സംവിധാമൊരുക്കിയില്ല. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന് മൊഴി നല്‍കി അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം.
അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊളളല്‍ ചികിത്സാ വിഭാഗത്തിലും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ മുരുകനുമായെത്തിയവര്‍ മടങ്ങി. ഈ രണ്ടു വെന്റിലേറ്ററും പുറത്തു നിന്നെത്തുന്ന രോഗിക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. ആറ് ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചുവെന്നാണ് ആരോപണം.

© 2024 Live Kerala News. All Rights Reserved.