‘50 കോടിയോളം രൂപ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായി മുടക്കി; പ്രതിസന്ധിയിലാണ്’; ജാമ്യം തേടി ദിലീപ് രണ്ടാം തവണയും ഹൈക്കോടതിയില്‍

നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ. ബി രാമന്‍പിളള മുഖേനയാണ് ദിലീപ് രണ്ടാംതവണ ഹൈക്കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. മുഖപരിചയം പോലുമില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നു.
മാധ്യമങ്ങളും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുമാണ് ഗൂഢാലോചന നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്. അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. നാളെയാണ് ദിലീപിന്‍റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ മുദ്രവെച്ച കവറില്‍ കേസ് ഡയറി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ മാനെജര്‍ ഒളിവിലാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു അന്വേഷണ സംഘം ജാമ്യം അനുവദിക്കുന്നതിനെതിരെ കോടതിയെ അറിയിച്ചത്..
മാനെജര്‍ അപ്പുണ്ണി കഴിഞ്ഞയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. കൂടാതെ അറസ്റ്റിലായ അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചുളള മറുപടിയും കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകന്‍ വഴിയുളള ദിലീപിന്റെ നീക്കം.

© 2024 Live Kerala News. All Rights Reserved.