സഭയില്‍ വിലക്കയറ്റം: പച്ചക്കറി വില മാത്രമാണ് അല്‍പ്പം കൂടിയതെന്ന് സര്‍ക്കാര്‍; വില കുറഞ്ഞത് ഐസക്കിന്റെ കോഴിക്ക് മാത്രമാണെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് വിലക്കയറ്റം ഇല്ലെന്നും പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിയല്ലെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ടി.വി ഇബ്രാഹിം എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ജിഎസ്ടി വന്നപ്പോള്‍ വിലകൂടുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും അടക്കം വില കുറഞ്ഞു. പച്ചക്കറി വില മാത്രമാണ് അല്‍പ്പം കൂടിയത്.
അരി വില കുറക്കാനായി സര്‍ക്കാര്‍ ഇടപെടുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനം മൂലമാണ് പച്ചക്കറിക്ക് വില കൂടിയത്. വന്‍ തോതില്‍ വിലക്കയറ്റമില്ലെന്നും വിലക്കയറ്റം മൂലം പൊറുതി മുട്ടുന്നുവെന്ന വാദം ശരിയല്ലെന്നും ഭക്ഷ്യമന്ത്രി മറുപടി നല്‍കി. അതേസമയം ഭക്ഷ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനത്ത് എല്ലാ സാധനങ്ങള്‍ക്കും വിലകൂടിയെന്നും പ്രതിപക്ഷം ആരോപിച്ചു. വിലകുറഞ്ഞത് ഐസക്കിന്റെ കോഴിക്ക് മാത്രമാണെന്നും പ്രതിപക്ഷം പരിഹസിച്ചു. സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് മാത്രമാണ് വിലകുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

© 2024 Live Kerala News. All Rights Reserved.