ദിലീപിന്റെ ഡി സിനിമാസിന് തുറന്ന് പ്രവര്‍ത്തിക്കാം; തിയറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ കൗണ്‍സിലിന് അധികാരമില്ലെന്ന് ഹൈക്കോടതി

ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസിന് തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി. ഡി സിനിമാസ് പൂട്ടിച്ച ചാലക്കുടി നഗരസഭയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും ഡി സിനിമാസിന് പ്രവര്‍ത്തനാനുമതിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തിയറ്റേര്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
നഗരസഭയ്ക്ക് ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമില്ലെന്നും ഡി സിനിമാസ് അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു. ഡി സിനിമാസില്‍ എസിക്ക് വേണ്ടി ഉയര്‍ന്ന എച്ച് പിയുളള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചെന്ന് കാണിച്ചാണ് ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രമേയം പാസാക്കി തിയറ്റേര്‍അടച്ചുപൂട്ടിച്ചത്.
കയ്യേറ്റ ആരോപണം നേരിടുന്ന ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഡി സിനിമാസിന്റെ നിര്‍മാണ അനുമതികള്‍ പുനഃപരിശോധിക്കാന്‍ ചാലക്കുടി നഗരസഭ നേരത്തെ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നിരുന്നു. നിര്‍മ്മാണ അനുമതി നല്‍കിയതില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭ ഐക്യകണ്ഠേന തീരുമാനമെടുത്തത്.
വിജിലന്‍സ് അന്വേഷണം തീരുന്നത് വരെ തിയറ്റര്‍ അടച്ചിടണമെന്നാണ് നഗരസഭ നിര്‍ദ്ദേശിച്ചത്. കയ്യേറ്റം സംബന്ധിച്ചും നിര്‍മ്മാണ അനുമതി സംബന്ധിച്ചും ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രമക്കേടിന് നഗരസഭയില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജരേഖ ചമച്ച് നഗരസഭയെ കബളിപ്പിച്ചതായും ആരോപണമുണ്ട്. ഡി സിനിമാസ് നിര്‍മ്മാണ അനുമതിക്കായ് നല്‍കിയ മൂന്ന് പ്രധാന രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.