പിരിവ് നല്‍കാത്തതിന് ഭീഷണിപ്പെടുത്തല്‍; കൊല്ലത്തെ ബിജെപി നേതാവിനെതിരെ കേസെടുത്തു; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊല്ലത്ത് പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. വ്യാപാരിയായ മനോജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ സുഭാഷിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. സുഭാഷിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാസം 28നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ സംസ്ഥാന തല ഫണ്ട് പിരിവിനെത്തിയ പ്രവര്‍ത്തകര്‍ ചോദിച്ച 5000 രൂപ നല്‍കാത്തതിനാണ് വ്യാപാരിയായ മനോജിനെ ഭീഷണിപ്പെടുത്തിയത്. അയ്യായിരം രൂപ ചോദിച്ചപ്പോള്‍ 3000 രൂപ നല്‍കാമെന്നായിരുന്നു വ്യാപാരി പറഞ്ഞത്. തുടര്‍ന്നാണ് ടെലിഫോണിലൂടെ ബിജെപി നേതാവായ സുഭാഷിന്റെ ഭീഷണിപ്പെടുത്തല്‍. ഇതിന്റെ ശബ്ദരേഖയടക്കം വ്യാപാരിയായ മനോജ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരാതി നല്‍കിയിരുന്നു. അന്വേഷണ വിധേയമായി സുഭാഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഏഴ് മാസത്തിനിടെ എട്ട് തവണ ബിജെപി തന്റെ കയ്യില്‍ നിന്ന് പണം പിരിച്ചെന്ന് മനോജ് പറയുന്നു. ഇതിന്റെ രസീത് പിരിവിനെത്തിയ കാണിച്ചിട്ട് പോലും 5,000ല്‍ നിന്നും ഒരു രൂപ പോലും കുറയില്ലെന്ന് ബിജെപിക്കാര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം മനോജ് അയച്ചുകൊടുത്തു.ജില്ലാ നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും മനോജ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.