ചികിത്സ നിഷേധിച്ചതിന് പിന്നാലെ ആംബുലന്‍സും നല്‍കിയില്ല; മുരുകന്‍റെ കുടുംബത്തിന് സഹായവുമായി ഡിവൈഎഫ്‌ഐ എത്തി; ആശുപത്രികളുടെ ക്രൂരത തീരുന്നില്ല

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല. ആംബുലന്‍സ് സ്ഥലത്തില്ലെന്നാണ് കൊല്ലം ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം ആംബുലന്‍സ് ആശുപത്രി വളപ്പില്‍ മാറ്റിയിട്ടിരിക്കുന്ന ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
തുടര്‍ന്ന് മരണമടഞ്ഞ മുരുകന്റെ കുടുംബത്തെ സഹായിക്കാനായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. മുരുകന്റെ മൃതദേഹം സ്വദേശമായ തിരുനെല്‍വേലിയില്‍ എത്തിക്കാന്‍ ഡിവൈഎഫ്‌ഐ ആംബുലന്‍സും വഴിച്ചെലവിനായി 10000 രൂപയും നല്‍കി. ഇതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ് വേണ്ടെന്ന് മുരുകന്റെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
ദേശീയ പാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശിയായ മുരുകന് ഇന്നലെയാണ് ദാരുണാന്ത്യമുണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും ചികിത്സ നിഷേധിക്കുകയായിരുന്നു.കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളെജ്, അസീസിയ മെഡിക്കല്‍ കോളെജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.