അപകടത്തില്‍ പരുക്കേറ്റ ഇതര സംസ്ഥാനക്കാരന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; ഏഴരമണിക്കൂറിനൊടുവില്‍ തമിഴ്‌നാട് സ്വദേശി ആംബുലന്‍സില്‍ മരിച്ചു

കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി ആംബുലന്‍സില്‍ മരിച്ചു. തിരുനല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ മുരുകനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കൊല്ലം ചാത്തനൂരിനടുത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുരുകനെ കൊട്ടിയൂരിലെ സ്വകാര്യ ആശുപത്രി കിംസിലെത്തിച്ചു. ഏറെ നേരം റോഡില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രയില്‍ എത്തിച്ചത്.
എന്നാല്‍ ഇവിടെ വെന്റിലേറ്റര്‍ ഇല്ലെന്നതിനാല്‍ കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സ നല്‍കാന്‍ മെഡിക്കല്‍ സിറ്റി അധികൃതര്‍ തയാറായില്ല. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന് കാണിച്ചായിരുന്നു ചികിത്സിക്കാന്‍ വിസമ്മതിച്ചത്. വെന്റിലേറ്ററെങ്കിലും ഏര്‍പ്പാടക്കണമെന്ന് മുരുകനെ ആശുപത്രിയിലെത്തിച്ചവര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അതിനും ആശുപത്രി അധികൃതര്‍ തയാറായില്ല. മുരുകന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് എന്ന് ആംബുലന്‍സിലെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കാന്‍‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. രണ്ട് മണിക്കൂറോളം ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്നെങ്കിലും ചികിത്സ ലഭിച്ചില്ല.

പിന്നീട് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ സൗകര്യം ലഭിച്ചില്ല. ചികിത്സ കിട്ടാതെ ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നാണ് മുരുകന്‍ മരിച്ചത്. തിരിച്ച് കൊല്ലത്തെ ഒരു ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കവേയായിരുന്നു മരണം. ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥീരികരിക്കുകയായിരുന്നു.
ചികിത്സ നിഷേധിച്ച ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ ഐജി മനോജ് എബ്രഹാം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയെന്നാണ് മെഡിസിറ്റി ആശുപത്രി അധികൃതരുടെ വാദം. വെന്റിലേറ്ററുടെ അഭാവം മൂലമാണ് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തതെന്നും ഫിസിഷ്യന്‍ എത്തി പരിശോധിച്ചെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ട്രാവന്‍കൂര്‍ മെഡിസിറ്റി അധികൃതരെ ബന്ധപ്പെടാന്‍ സൗത്ത്‌ലൈവ് ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറായിട്ടില്ല.
അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു കിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇത് മെഡിസിറ്റി അധികതരെ അറിയിച്ചിട്ടും ആശുപത്രിക്കുള്ളിലേക്ക് പോലും മാറ്റാന്‍ തയാറായില്ലെന്ന് മുരുകനെ ആശുപത്രിയില്‍ എത്തിച്ചവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.